The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe Event, The Inevitable [Al-Waqia] - Malayalam translation - Abdulhamid Haidar Al-Madany & Kunhi Muhammad
Surah The Event, The Inevitable [Al-Waqia] Ayah 96 Location Maccah Number 56
ആ സംഭവം സംഭവിച്ചു കഴിഞ്ഞാല്‍.
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.(1)
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും,
അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്.
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!(2)
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.(3)
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും അവര്‍.
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്.
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവര്‍ക്കുണ്ട്.)
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍.
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്).
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
മുള്ളിലാത്ത ഇലന്തമരത്തിനിടയിൽ,
അടുക്കടുക്കായി കുലകളുള്ള വാഴകൾക്കിടയിൽ,
വിശാലമായ തണലിൽ,
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളത്തിനിടയിൽ,
ധാരാളം പഴവര്‍ഗങ്ങള്‍ക്കിടയിൽ,
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ (സുഖങ്ങളാണവ)
ഉയര്‍ന്നമെത്തകളിൽ (ഈ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.)
തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്.
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
തുളച്ചു കയറുന്ന ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന ജലത്തിലും
കരിമ്പുകയുടെ തണലിലും
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (കരിമ്പുകയിൽ. ഈ ദുരിതങ്ങളിലായിരിക്കും അവര്‍.)
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്?
ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം -
ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന്(4) അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,
അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.
അങ്ങനെ മാറാദാഹമുള്ള ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്?
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും.(5) നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍.
ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.(6)
എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?(7)
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു;
തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്.
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?
നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്?(8) അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
നാം അതിനെ (നരകത്തെക്കുറിച്ചുള്ള) ഒരു ഓർമപ്പെടുത്തലാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്(9) ഒരു ജീവിതസൗകര്യവും.
ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്.
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്.
പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.(10)
ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്?
സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?(11)
എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?)
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
അപ്പോള്‍ നിങ്ങള്‍ (അല്ലാഹുവിന്റെ നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍ -
(അവന്ന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും(12) സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം).
ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും -
നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ് (അവന്നുള്ളത്.)
തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.